Wednesday, May 14, 2014

Edusahayi A helping Hand in Education

ഇഷ്ടവിഷയം തിരഞ്ഞെടുക്കാന്‍ ‘എഡ്യുസഹായി’


പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് ഓപ്ഷന്‍ കൊടുക്കുകയെന്ന ശ്രമകരമായ ദൗത്യം എളുപ്പമാക്കാന്‍ ഒരുകൈ സഹായവുമായി എഡ്യുസഹായി (www.edusahayi.com). ഇഷ്ടപ്പെട്ട കോളേജില്‍ ഇഷ്ടപ്പെട്ട വിഷയം കിട്ടുമോ? എഡ്യുസഹായിയില്‍ പോയാല്‍ ഒരു മൗസ് ക്ലിക്കുകൊണ്ട് കാര്യമറിയാം.


വിദ്യാര്‍ഥികളും രക്ഷിതാക്കളും ഇതിനകം എഡ്യുസഹായി ഏറ്റെടുത്തുകഴിഞ്ഞു. ഓപ്ഷന്‍ നല്‍കുന്നതിന് മാര്‍ഗനിര്‍ദേശം തേടി ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് ദിവസവും സൈറ്റ് സന്ദര്‍ശിക്കുന്നത്. പ്രധാനമായും മൂന്നുസേവനങ്ങളാണ് സൈറ്റിലുള്ളത്. കഴിഞ്ഞ നാലുവര്‍ഷം പ്രവേശനം ലഭിച്ചവരുടെ റാങ്ക് വിവരങ്ങള്‍ എളുപ്പത്തില്‍ പരിശോധിക്കാന്‍ ‘ലാസ്റ്റ് റാങ്ക് എക്‌സ്‌പ്ലോറര്‍’, കേരളത്തിലെ എന്‍ജിനീയറിങ്, മെഡിക്കല്‍ കോളേജുകളുടെ റാങ്കിങ്ങുമായി ‘കോളേജ് റേറ്റിങ്’, കോളേജുകളിലെ മൂന്നുവര്‍ഷത്തെ വിജയശതമാനക്കണക്കുമായി ‘പാസ് പെര്‍സന്‍േറജ്’ എന്നിവയാണവ.
ലാസ്റ്റ് റാങ്ക് എക്‌സ്‌പ്ലോററില്‍ നാലുവര്‍ഷത്തെ ഒന്ന്, രണ്ട്, മുന്ന് ഘട്ട അലോട്ട്‌മെന്റിന്റെ വിവരങ്ങള്‍ എസ്.സി., എസ്.ടി., ജനറല്‍, ഒ.ബി.സി. എന്നിങ്ങനെ വിഭാഗം തിരിച്ച് ലഭിക്കും. കോഴ്‌സ് തിരിച്ചോ ജില്ല തിരിച്ചോ സര്‍വകലാശാല തിരിച്ചോ ഉള്ള പട്ടിക വേണമെങ്കില്‍ അതുമുണ്ട്. ഉദാഹരണത്തിന് എസ്.സി. വിഭാഗത്തില്‍പ്പെട്ട 5400 റാങ്കുള്ള വിദ്യാര്‍ഥിക്ക് കണ്ണൂര്‍ ജില്ലയില്‍ ഏതൊക്കെ കോളേജുകളില്‍ കമ്പ്യൂട്ടര്‍ സയന്‍സിന് പ്രവേശനം ലഭിക്കുമെന്ന് പരിശോധിക്കാം. ഒറ്റ ക്ലിക്കിന് എല്ലാ കോളേജുകളുടെയും വിവരങ്ങള്‍ മുന്നിലെത്തും. കോളേജിനെപ്പറ്റി കൂടുതലറിയണമെങ്കില്‍ കോളേജിന്റെ പേരിനു മുകളില്‍ ക്ലിക്ക് ചെയ്താല്‍ മതി. കോളേജില്‍ ലഭ്യമായ കോഴ്‌സുകള്‍, അവയുടെ നാലുവര്‍ഷത്തെ അവസാന റാങ്ക് വിവരങ്ങള്‍, മൂന്നുവര്‍ഷത്തെ വിജയശതമാനം എന്നിവ ലഭിക്കും.
കോളേജ് റാങ്കിങ് കഴിഞ്ഞ മൂന്നുവര്‍ഷത്തെ വിജയശതമാനം, പ്രവേശനം ലഭിച്ച അവസാന റാങ്ക് എന്നിവ പരിശോധിച്ച് തയ്യാറാക്കിയതാണ്. 124 എന്‍ജിനീയറിങ് കോളേജുകളും 61 മെഡിക്കല്‍, ഡന്റല്‍, ആയുര്‍വേദ കോളേജുകളും റാങ്കിങ്ങില്‍ പെടുത്തിയിട്ടുണ്ട്. വിവരങ്ങള്‍ സര്‍വകലാശാല, ജില്ലാ അടിസ്ഥാനത്തില്‍ പട്ടികയായി കാണാം. എല്ലാ പട്ടികകളിലും ഫീസ് ഘടന അടിസ്ഥാനമാക്കി കോളേജുകളെ വ്യത്യസ്തനിറങ്ങളിലാണ് കാണിച്ചിട്ടുള്ളത്.

No comments: